ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
പേരിന്റെ ഉത്ഭവം
പൂത്തൃക്ക പഞ്ചായത്തിനോട് ചേര്‍ന്ന് കിടക്കുന്ന മണീട് പഞ്ചായത്തിൽ ഉണ്ടായിരുന്ന ക്ഷേത്രത്തിന്റെ ഉപക്ഷേത്രം (പൂത്തൃക്കോവില് )ഇവിടെ സ്ഥാപിച്ചപ്പോള്‍ പൂത്തൃക്ക എന്ന നാമം പ്രദേശത്തിനുണ്ടായി എന്നാണ് ഐതീഹ്യം. ആ ക്ഷേത്രം ഇന്നും പ്രൗഢിയോടെ നിലകൊളളുന്നു.
സാമൂഹിക വികസന ചരിത്രം
1953-54 കാലഘട്ടത്തില്‍ പഞ്ചായത്ത് രൂപീകൃതമായി. അതിനുമുമ്പ് ഗ്രാമോദ്ധാരണസഭ എന്ന പേരില്‍ ഇവിടെ ഒരു ജനകീയസഭ ഉണ്ടായിരുന്നു. സ്വാതന്ത്ര്യസമരനായകന്മാരും പിന്നീട് അസംബ്ളി മെമ്പര്‍ എന്ന നിലയിലേക്ക് ഉയര്‍ന്ന എന്‍.വി.ചാക്കോ നിയമസഭാ മെമ്പര്‍, പബ്ളിക് സര്‍വ്വീസ് കമ്മീഷന് അംഗം എന്നീ നിലകളിലേക്ക് ഉയര്‍ന്ന എസ്.ശങ്കരവാര്യര് എന്നിവര്‍ നേതൃത്വം കൊടുത്താണ് ഇവിടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. ഒരു ആയുര്‍വേദ ഡിസ്പെന്‍സറി പൂത്തൃക്കയില്‍ സ്ഥാപിക്കപ്പെട്ടു. കോലഞ്ചരി പള്ളിയിലെ തേനുങ്ങല്‍ അച്ചന്റെ നേതൃത്വത്തില്‍ ഈ പ്രദേശത്തിന്റെ പല ഭാഗങ്ങളിലും പ്രാഥമിക വിദ്യാലയങ്ങള്‍ ആരംഭിച്ച് വിദ്യാഭ്യാസരംഗം മെച്ചപ്പെടുത്തിയിരുന്നു. പിന്നീട് കോലഞ്ചരി സെന്റ് പിറ്റേഴ്സ് സ്ക്കൂള് ഒരു പൂര്‍ണ്ണ ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടു.കിഴക്കുംഭാഗത്ത് മന, പാഴൂര്‍ മന, പടകൂര്മന, പടപ്പമന, പാറമന , തെങ്ങനാമന, കിഴ്പാതായ്പിള്ളി മന, വേലാം കുഴിമന, പൂന്നര്കോട്മന കറുകപ്പിള്ളിവാര്യാര്, പൂത്തൃക്കവാര്യാര്, മഴുവന്നൂര്‍ വാര്യാര്‍, പുളിക്കയത്ത് പണിക്കര്‍, തൊടിനേടത്ത് ശങ്കുണ്ണിപിള്ള, വെട്ടിക്കനാല്‍ കര്‍ത്താവ് തൃപ്പുണിത്തുറ ദേവസ്വം. പരിയാരം ദേവസ്വം, രാമമംഗലം ദേവസ്വം, പെരുമ്പടപ്പ് സ്വരൂപം, കൊച്ചിഅമ്മ തമ്പുരാന്, കോലഞ്ചരി പള്ളി, കുറിഞ്ഞിപ്പള്ളി എന്നിവരുടെ അധീനതയിലായിരുന്നു ഈ പ്രദേശമത്രയും.ഈ ഭൂമികളത്രയും ഏതാനും ഭൂഉടമകള്‍ പാട്ടചിട്ടുപ്രകാരം കൈവശം വെച്ചും മറ്റു ചെറുകിട കൃഷിക്കാര്‍ക്ക് പാട്ടത്തിനും വാരത്തിനും ഏല്പിച്ച് കൃഷി ചെയ്യിച്ചും വന്നു. ഈ ചെറുകിട കൃഷിക്കാരില്‍ നിന്നും ഭൂഉടമകളില്‍ നിന്നും ജന്മിമാര് പാട്ടമായി നെല്ലും, കൊമ്പുചക്ക, കൊല അടക്ക, കണ്ണിവെറ്റില, പുകയില, ഏത്തവാഴക്കുല, തേങ്ങ, വെളിച്ചെണ്ണ, വയ്ക്കോല്, പ്ളാവില, ഈര്ക്കി തണങ്ങ് പൂല്, ഒപ്പ സൂചി, പകര്‍പ്പവകശം, അളക്കിട, വീതം വിത്ത്, മുക്കുറ്, കുഴിക്കുറ്, പങ്ക് പാട്ടം എന്നിങ്ങനെ പലപേരില്‍ അവകാശങ്ങള്‍ വാങ്ങി വന്നു. എന്നാല്‍ കേരളത്തിലാകെയലടിച്ച കര്‍ഷകപ്രക്ഷോഭം ഇവിടെയും പ്രതിഫലിച്ചു. കര്‍ഷകരുടെയും അവരുടെ പ്രതിനിധികളുടെയും പ്രക്ഷോഭസമരം മൂലം കൃഷിക്കാരന് തന്റെ കൈവശഭൂമി ലഭിക്കയും ഇന്ന് എല്ലാവരും ചെറുകിട കര്‍ഷകരായി മാറുകയും ചെയ്തിരുന്നു.
സാംസ്കാരിക ചരിത്രം
സാംസ്ക്കാരികമായി ഏറെയൊന്നും അവകാശപ്പെടാനില്ലാത്ത പഞ്ചായത്താണ് പൂത്തൃക്ക. ഈ പ്രദേശത്ത് സ്ഥാപിക്കപ്പെട്ട പൂതൃക്കോവില്‍ ക്ഷേത്രത്തിന്റെ പേര് ലോപിച്ചാണ് പൂത്തൃക്ക എന്ന സ്ഥലപേര് ഉണ്ടായതെന്ന് പറയപ്പെടുന്നു. പഴയ നാട്വാഴിത്തത്തിന്റെയും പാട്ടം വാരത്തിന്റേയും സ്മരണകള്‍ ഉള്‍ക്കൊള്ളുന്നതാണ് പൂത്തൃക്ക പഞ്ചായത്തിന്റെ സാംസ്കാരിക പൈതൃകം. ഇവിടുത്തെ പ്രധാനമത വിഭാഗങ്ങള്‍ ഹിന്ദുക്കളും ക്രൈസ്തവരുമാണ്. പൂത്തൃക്ക ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പരിയാരം മഹാവിഷ്ണു ക്ഷേത്രം, വടയമ്പാടിയിലെ ക്ഷേത്രം എന്നിവയാണ് പ്രധാനപ്പെട്ട ഹൈന്ദവ ക്ഷേത്രങ്ങള്‍. പരിയാരം വിഷ്ണു ക്ഷേത്രത്തിലെ കൊടിയേറ്റ് ഉത്സവം വളരെ പ്രസിദ്ധമാണ് നൂറ്റാണ്ടുകളുടെ പഴക്കമുള്ള കോലഞ്ചരി സെന്റ് പീറ്റേഴ്സ് പള്ളിയും, കുറിഞ്ഞി, പൂത്തൃക്ക എന്നിവിടങ്ങളില്‍ സ്ഥിതിചെയ്യുന്ന പള്ളികളുമാണ് പ്രധാനപ്പെട്ട ക്രൈസ്തവ ആരാധനാലയങ്ങള്‍. കോലഞ്ചരി പള്ളിയിലെ പെരുന്നാള്‍ വളരെ പ്രശസ്തിയാര്‍ജ്ജിച്ചതാണ്. കാര്‍ഷികോപകരണങ്ങളുടേയും, വിത്ത് ചെടികള്‍ മുതലായ വൈവിധ്യമാര്‍ന്ന വസ്തുക്കളുടെ വിപണന വേളകൂടിയാണ് ഈ പെരുന്നാള്‍ ആഘോഷം. ഈ ഉത്സവങ്ങളിലും ആഘോഷങ്ങളിലുമെല്ലാം ജാതിമതഭേദമെന്യേ ആബാലവൃദ്ധം ജനങ്ങളും പങ്കെടുക്കാറുണ്ട്.പൂത്തൃക്ക ഗ്രാമപഞ്ചായത്തില്‍ പ്രധാന സാംസ്കാരിക സ്ഥാപനങ്ങള്‍ ഗ്രന്ഥശാലകളും, ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ളബുകളുമാണ്. പഞ്ചായത്ത് വക ഒരു സെന്‍ട്രല്‍ ലൈബ്രറി കോലഞ്ചരിയില് വളരെ നല്ല നിലയില്‍ പ്രവര്‍ത്തിച്ചുവരുന്നു. ക്ളബുകളുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷം, ക്രിസ്തുമസ് ആഘോഷങ്ങള്‍, മെഡിക്കല്‍ ക്യാമ്പുകള്‍ എന്നിവ സംഘടിപ്പിക്കാറുണ്ട്. പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഓണക്കാല കായികമേളയും, കേരളോത്സവവും നടത്താറുണ്ട്. നല്ല ജനപങ്കാളിത്തം ഉണ്ട്.
വിദ്യാഭ്യാസ ചരിത്രം
പൂത്തൃക്ക പഞ്ചായത്തിലെ വിദ്യാഭ്യാസത്തിന്റെ ചരിത്രം കോലഞ്ചരിയിലുള്ള സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് പള്ളിയോട് അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. 1910-ല്‍ പള്ളിയുടെ മാനേജ്മെന്റില്‍ തുടങ്ങിയ കോലഞ്ചരി എല്‍.പി.സ്ക്കൂളാണ് ഈ പഞ്ചായത്തിലെ ആദ്യത്തെ സ്ക്കൂള്. പിന്നീട് ഇത് സര്‍ക്കാരിലേക്ക് വിട്ടുകൊടുത്തു. ഏതാണ്ട് ഈ കാലത്തുതന്നെ ആറ് എല്‍.പി. സ്ക്കൂളുകള്‍ തുടങ്ങുകയും പിന്നീട് സര്‍ക്കാരിലേക്ക് വിട്ടുകൊടുക്കുകയും ചെയ്തിട്ടുണ്ട്. 1919-ല്‍ സെന്റ് പീറ്റേഴ്സ് മിഡില്‍ സ്ക്കൂള് സ്ഥാപിതമായി. 1937-ല്‍ ഇത് ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. 1995-ല്‍ ഈ സ്ക്കൂള് ഒരു വൊക്കേഷണല്‍ ഹയര്‍ സെക്കന്റ്റി സ്ക്കൂളായി ഉയര്‍ന്നു. കോലഞ്ചരി പള്ളിയുമായി ബന്ധപ്പെട്ട ഏതാനും പ്രമുഖ വ്യക്തികളുടേയും ശ്രമഫലമായി സ്ഥാപിക്കപ്പെട്ട സെന്റ് പീറ്റേഴ്സ് കോളേജ് പഞ്ചായത്തിന് ഒരു മുതല്‍ കൂട്ടാണ്.